ചിങ്ങം ഒന്നു മുതല്‍ പി എസ് സി യുടെ ബിരുദതല പരീക്ഷകള്‍ക്ക് മലയാളവും ഉണ്ടാകും.
സന്ധി
ചോദ്യങ്ങള്‍ എങ്ങനെ?
1. നാല് വാക്കുകള്‍ (നാല് സന്ധിയില്‍പ്പെട്ടത്) തന്നിട്ട് അവയില്‍ നിന്ന് ഒരു സന്ധിക്ക് ഉദാഹരണം കണ്ടുപിടിക്കാന്‍.
2. മൂന്നുപദം ഒരു സന്ധിയില്‍പ്പെട്ടതും ഒരുപദം അല്ലാത്തതും തന്നിട്ട് അത് ഏതില്‍പ്പെട്ടത്.
3. ഒരുവാക്ക് തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ?
4. ഒരു പദം തന്നിട്ട് അത് എങ്ങനെ പിരിച്ചെഴുതും ?
5. പിരിച്ചെഴുതിത്തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ? (സന്ധികളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതിലേക്ക് ആവശ്യമാണ്.)
പദങ്ങളെ ചേര്‍ത്തെഴുതുമ്പോഴുണ്ടാകുന്ന വര്‍ണ്ണമാറ്റങ്ങളാണ് സന്ധി കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കുറയുക - കൂടുക - ഒന്നിനു പകരം മറ്റൊന്ന് - ഇരട്ടിക്കുക - എന്നീ മാറ്റങ്ങളെ യഥാക്രമം ലോപം - ആഗമം - ആദേശം - ദ്വിത്വം തുടങ്ങിയ പേരുകള്‍ കല്പിച്ച് വേര്‍തിരിച്ചിരിക്കുന്നു.
1. ലോപസന്ധി
ചേരുന്ന വര്‍ണ്ണങ്ങളില്‍ ഒരു വര്‍ണ്ണം കുറയുന്നത്
പ്രത്യേകം ശ്രദ്ധിക്കുക
സ്വരങ്ങളും അര്‍ദ്ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. അ - ഇ - എ-ഉ (സംവൃതം), യ-ര-ല- എന്നീ മധ്യമങ്ങളും ഇതനുസരിച്ച് ലോപിക്കും.
ഇല്ല + എന്ന് = ഇല്ലെന്ന് ('ല്ല' എന്നതിലെ 'അ' കാരം ലോപിച്ചു)
പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു)
കാറ്റ് +അടിച്ചു=കാറ്റടിച്ചു ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)
വരാതെ + ഇരുന്നു = വരാതിരുന്നു ('തെ' എന്നതിലെ 'എ' കാരം കുറഞ്ഞു)
പായ് + കപ്പല്‍ = പാക്കപ്പല്‍ ('യ്' എന്ന മധ്യമ വര്‍ണ്ണം കുറഞ്ഞു)
കടല്+പുറം = കടപ്പുറം ('ല്' എന്ന മധ്യമവര്‍ണ്ണം കുറഞ്ഞു)
പായ്ക്കപ്പല്‍, കടപ്പുറം എന്നിവയില്‍ 'പ' എന്നതു ഇരട്ടിച്ചതുകൊണ്ട് ദ്വിത്വസന്ധിയിലും ഉള്‍പ്പെടുത്താം.
2. ആഗമസന്ധി
ഒരു വര്‍ണ്ണം കൂടുതലായി വന്നുചേരുന്നത് ( പ്രകൃതിയും പ്രത്യയവും ചേരുമ്പോഴോ രണ്ടുപദങ്ങള്‍ ചേരുമ്പോഴോ ആണ് ഈ മാറ്റം വരുന്നത്)
പ്രത്യേകം ശ്രദ്ധിക്കുക
'യ' 'വ' ഇതില്‍ ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത്. പിരിച്ചെഴുതുമ്പോള്‍ ഇവ ഇല്ലാതിരിക്കുകയും ചേര്‍ത്തെഴുതുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.
ഉദാ : അ + ഇടം = അവിടം - 'വ'
ഈ + ആള്‍ = ഈയാള്‍ - 'യ'
തിരു + ഓണം = തിരുവോണം - 'വ'
കലപ്പ + ഇല്‍ = കലപ്പയില്‍ - 'യ'
ആ + ഇ = ആയി - 'യ'
കണ്ട + അര്‍ = കണ്ടവര്‍ - 'വ'
നോക്കുന്ന + അന്‍ = നോക്കുന്നവന്‍ - 'വ'
3. ആദേശ സന്ധി
ഒരു വര്‍ണ്ണം മാറി അതിനുപകരം മറ്റൊന്നു വരുന്നത്. (രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ ഉച്ചാരണ ക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.) പിരിച്ചെഴുതുമ്പോള്‍ ആദ്യപദം ചില്ലുകളില്‍ (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍) അവസാനിക്കുകയോ 'ം' (അനുസ്വാരം) അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അത് ആദേശസന്ധിയാണ്.
ഉദാ : വിണ്‍ + തലം = വിണ്ടലം
കണ്‍ + നീര്‍ = കണ്ണീര്‍
എണ്‍ + നൂറ് = എണ്ണൂറ്
നെല് + മണി = നെന്മണി
മരം + കള്‍ = മരങ്ങള്‍
പെരും + പറ = പെരുമ്പറ
നിന്‍ + കള്‍ = നിങ്ങള്‍
4. ദ്വിത്വസന്ധി
ഒരു വര്‍ണ്ണം ഇരട്ടിക്കുന്നത്.
ഉദാ : തല + കെട്ട് = തലക്കെട്ട് - ക്ക
പടി + പുര = പടിപ്പുര - പ്പ
എന്‍ + എ = എന്നെ
എണ്‍ + ആയിരം = എണ്ണായിരം
(എണ്‍ + നൂറ്, എണ്‍ + ആയിരം, ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക. ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്. ഇത് വേര്‍തിരിച്ചറിയാന്‍ എണ്‍ + നൂറ് എന്നതില്‍ രണ്ടും (ണ്‍ +നൂ) വ്യഞ്ജനാക്ഷരങ്ങളാണ്, എന്നാല്‍ എണ്‍ + ആയിരം എന്നതില്‍ (ണ്‍ + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന് സ്വരാക്ഷരവുമാണ്. ഇത്തരം പദങ്ങളില്‍ രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില്‍ ആദേശസന്ധിയും ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില്‍ ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്‍ഗ്ഗമനുസരിച്ച് മനസ്സിലാക്കുക.)
ഇരട്ടിക്കാത്ത സന്ദര്‍ഭങ്ങള്‍ (ഈ ഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ വരാവുന്നതാണ്.)
ഉദാ : കട + കോല്‍ = കടകോല്‍
അര + കല്ല് = അരകല്ല്
എരി + തീയ് = എരിതീയ്
അടയാളപ്പെടുത്തിയിരിക്കുന്ന പദങ്ങള്‍ ക്രിയാധാതുക്കളാണ്. ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.
മറ്റ് സന്ദര്‍ഭം
ഉദാ : മുല്ല + മാല = മുല്ലമാല
വാഴ + നാര് = വാഴനാര്
അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ അനുനാസികങ്ങളാണ്. ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.
മറ്റൊരു സന്ദര്‍ഭം കൂടി
വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല.
ഉദാ : കൈ + കാലുകള്‍ = കൈകാലുകള്‍
ആന + കുതിരകള്‍ = ആനകുതിരകള്‍
ചോദിക്കാവുന്ന പ്രധാന പദങ്ങള്‍
അതല്ല - അത് + അല്ല - ലോപസന്ധി
കണ്ണില്ല - കണ്‍ + ഇല്ല - ദ്വിത്വസന്ധി
നിങ്ങള്‍ - നി + ങ് + കള്‍ - ആദേശസന്ധി
ആയെന്ന് - ആയി + എന്ന് - ലോപസന്ധി
കൈത്തൊഴില്‍ - കൈ + തൊഴില്‍ - ദ്വിത്വസന്ധി
പലെടങ്ങള്‍ - പല + എടങ്ങള്‍ - ലോപസന്ധി
തടവുന്നു - തട + ഉന്നു - ആഗമസന്ധി
പോവുന്നു - പോ + ഉന്നു - ആഗമസന്ധി
കള്ളക്കാള - കളളന്‍ + കാള - ലോപസന്ധി/ദ്വിത്വസന്ധി
പൊന്നുണ്ട - പൊന്‍ + ഉണ്ട - ദ്വിത്വസന്ധി
നിന്നു - നിന്‍ + തു - ആദേശസന്ധി
നന്നൂല്‍ - നല് + നൂല്‍ - ആദേശസന്ധി
കന്മദം - കല് + മദം - ആദേശസന്ധി
നെന്മണി - നെല് + മണി - ആദേശസന്ധി
പില്പാട് - പിന്‍ + പാട് - ആദേശസന്ധി
മരവുരി - മരം + ഉരി - ആഗമസന്ധി
നിലവറ - നിലം + അറ - ആഗമസന്ധി
വരുങ്കാലം - വരും + കാലം - ആദേശസന്ധി
മരമില്ല - മരം + ഇല്ല - ആദേശസന്ധി
ധനവും - ധനം + ഉം - ആദേശസന്ധി
Comments
Post a Comment