ഹിമാലയം.
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ. സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകൾ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്.
ഹിമാചൽ
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്.
ശിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്.
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്. ഡൂൺസ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാഡൂൺ).
Comments
Post a Comment